Sunday, February 24, 2008

റിമോട്ട്

ഒരു റിമോട്ടിനാല്‍ നിയന്ത്രിക്കപ്പെടുന്ന
ഒരാളുടെ ജീവിതം എത്ര ദയനീയമാണ്.
ഇടത്തോട്ട് തിരിയാന്‍ ശ്രമിച്ചതും
വലത്തോട്ട് തിരിച്ചു.
ആകാശം കാണാന്‍ കൊതിച്ചപ്പോഴൊക്കെ
ഭൂമിയിലേക്ക് കൂപ്പുകുത്തിച്ചു.
മുന്നിലേക്ക് നടക്കുമ്പോഴൊക്കെ പുറകോട്ട് നടത്തി.
നില്‍ക്കാന്‍ കൊതിച്ചപ്പോഴൊക്കെ ചാടിച്ചു.
ചാടാന്‍ നോക്കിയപ്പോള്‍ പിടിച്ചു നിര്‍ത്തി.
തിന്നാന്‍ കൊതിച്ചപ്പോഴൊക്കെ
കടിച്ചു തുപ്പിച്ചു.
തുപ്പാന്‍ തോന്നിച്ചവ തീറ്റിച്ചു.
പൊട്ടിച്ചിരിക്കാന്‍ നോക്കിയപ്പോള്‍
പൊട്ടിക്കരയിച്ചു.
പൊട്ടിക്കരയുമ്പോഴേക്കും
പൊട്ടിച്ചിരിപ്പിച്ചു.
കണ്ണടയ്ക്കാന്‍ കൊതിച്ചപ്പോഴൊക്കെ
കണ്ണു തുറന്നിരുത്തി.
കോട്ടുവായിടാന്‍ നോക്കിയ വായ
കൊട്ടിയടപ്പിച്ചു.
കൊട്ടാനുയര്‍ത്തിയ കൈകള്‍
അകറ്റി നിര്‍ത്തി.
എടുക്കാന്‍ നോക്കുന്നതില്‍ നിന്നൊക്കെ
തൊട്ടു തൊട്ടില്ലെന്നാക്കി.
കാണാന്‍ കൊതിച്ചവരില്‍ നിന്നൊക്കെ അകറ്റി നിര്‍ത്തി.
കാണേണ്ടാത്തവരെ കാണിച്ചു.
കിട്ടണമെന്ന് വിചാരിച്ചതൊന്നും
നേടാന്‍ സമ്മതിക്കാതെ
വേണ്ടാത്തതൊക്കെ വെച്ചു നീട്ടി.

മടുത്ത് മടുത്ത് മടുത്തൊന്നു
ചത്തു കളയാന്‍ നോക്കിയപ്പോള്‍
അതും സമ്മതിക്കുന്നില്ല,
ഈ ഒടുക്കത്തെ റിമോട്ട്.
അതാ...ജീവന്‍ വെപ്പിക്കുന്നു,കഷ്ടം...

14 comments:

Pramod.KM said...

ജീവനുണ്ട് കവിതക്ക്:)

ദേവസേന said...

“ ചത്തു കളയാന്‍ നോക്കിയപ്പോള്‍
അതും സമ്മതിക്കുന്നില്ല,
ഈ ഒടുക്കത്തെ റിമോട്ട്.
അതാ...ജീവന്‍ വെപ്പിക്കുന്നു,കഷ്ടം “


പാത്തുമ്മക്കുട്ടിക്കു സ്വാഗതം !!

ഈ റിമോട്ടിനെ വിഷ്ണുവെന്നും വിളിക്കാമോ?

സസ്നേഹം,

Sanal Kumar Sasidharan said...

ആ റിമോട്ടിന് നിയന്ത്രിക്കപ്പെടുന്ന ആളില്ലെങ്കില്‍ എന്തു വില !
പാവം റിമോട്ട്....എന്നു പറയുമ്പോള്‍ പുരുഷപക്ഷപാതിയെന്നൊന്നും പറഞ്ഞ് തല്ലാന്‍ വന്നേക്കരുത് :)

മയൂര said...

ഒരു റിമോട്ട് കൊണ്ടു ഇതു പോലെയെത്ര ജീവിതങ്ങളാണ് നിയന്ത്രിക്കപ്പെടുന്നത്, നിയന്ത്രിക്കുന്ന റിമോട്ടിനും ഇതു പോലെ പറയാന്‍ കുറെ കാര്യങ്ങള്‍ കാണും :)

aneeshans said...

തീയും, പുകയും കൊണ്ട് കഞ്ഞി വച്ച് കൊച്ചുങ്ങള്‍ക്കും , കെട്ട്യ്യോനും കൊടുത്ത് അവസാനം കഴിച്ചെന്ന് വരുത്തി പാത്രവും കഴുകി വച്ച് പിറ്റെന്നത്തെക്ക് അരി അരച്ച് ..എന്നാലും ഈ റിമോട്ടുകള്‍

ഓഫ് : ഈ റിമോട്ടിന്റെ പേരെന്താ ... :). പറയുന്നവര്‍ക്ക് ഒരു കാഡ്ബറി ചോക്കളേറ്റ് സമ്മാനം. ക്ലൂ.. ? ഇല്ല ഇല്ല ക്ലു ഇല്ല.

മാധവം said...

ബാറ്ററി ഊരിക്കളഞ്ഞേക്കൂ.............
മനസ്സമാധാനം കെടുത്തുന്ന വരികള്‍

Kuzhur Wilson said...

പൊടിപിടിച്ച് ഒരു മൂലയില്‍ എട്ട് കാലികള്‍ കൂടു കൂട്ടിയ ടെലിവിഷന്‍ സെറ്റ് വെറുതെ കണ്ടു.

പിന്നെ
മാഷ്ക്ക് ഇങ്ങനെ തന്നെ വേണം

വല്യമ്മായി said...

റ്റീച്ചര്‍ക്ക് കവിതയും വഴങ്ങുമല്ലേ :)
റിമോട്ട് കവിത എഡിറ്റ് ചെയ്യാഞ്ഞത് ഭാഗ്യം :).

ഓ.ടോ:കുട്ടികളൊക്കെ എന്തു പറയുന്നു?

തറവാടി said...

സ്വാഗതം

അനിലൻ said...

പാത്തുമ്മക്കുട്ടീ
റിമോട്ടിന്റെ ഇടപെടലുകള്‍ ഒന്നു കുറച്ചിരുന്നെങ്കില്‍‍ കുറേക്കൂടി നന്നായിരുന്നേനെ.
തീയും പുകയും അനുഭവിക്കുന്നവര്‍ തന്നെ അനുഭവിപ്പിക്കണം അല്ലേ.

വിഷ്ണു എന്ത്യേ? :)

v h nishad said...

go ahead pls!

പ്രദീപ് പേരയം said...

തീര്‍ച്ചയായും അസ്വസ്ഥമാക്കുന്ന വരികള്‍

Sureshkumar Punjhayil said...

നന്നായിരിക്കുന്നു ... എന്റെ ആശംസകള്‍ .... നന്മ വരട്ടെ എന്നും....!!!!

മാഞ്ഞൂര്‍ സര്‍ക്കാര്‍ വിദ്യാലയം said...

കോള്ളാല്ലോ ഈ റിമോട്ട്....