ഒരു റിമോട്ടിനാല്‍ നിയന്ത്രിക്കപ്പെടുന്ന
ഒരാളുടെ ജീവിതം എത്ര ദയനീയമാണ്.
ഇടത്തോട്ട് തിരിയാന്‍ ശ്രമിച്ചതും
വലത്തോട്ട് തിരിച്ചു.
ആകാശം കാണാന്‍ കൊതിച്ചപ്പോഴൊക്കെ
ഭൂമിയിലേക്ക് കൂപ്പുകുത്തിച്ചു.
മുന്നിലേക്ക് നടക്കുമ്പോഴൊക്കെ പുറകോട്ട് നടത്തി.
നില്‍ക്കാന്‍ കൊതിച്ചപ്പോഴൊക്കെ ചാടിച്ചു.
ചാടാന്‍ നോക്കിയപ്പോള്‍ പിടിച്ചു നിര്‍ത്തി.
തിന്നാന്‍ കൊതിച്ചപ്പോഴൊക്കെ
കടിച്ചു തുപ്പിച്ചു.
തുപ്പാന്‍ തോന്നിച്ചവ തീറ്റിച്ചു.
പൊട്ടിച്ചിരിക്കാന്‍ നോക്കിയപ്പോള്‍
പൊട്ടിക്കരയിച്ചു.
പൊട്ടിക്കരയുമ്പോഴേക്കും
പൊട്ടിച്ചിരിപ്പിച്ചു.
കണ്ണടയ്ക്കാന്‍ കൊതിച്ചപ്പോഴൊക്കെ
കണ്ണു തുറന്നിരുത്തി.
കോട്ടുവായിടാന്‍ നോക്കിയ വായ
കൊട്ടിയടപ്പിച്ചു.
കൊട്ടാനുയര്‍ത്തിയ കൈകള്‍
അകറ്റി നിര്‍ത്തി.
എടുക്കാന്‍ നോക്കുന്നതില്‍ നിന്നൊക്കെ
തൊട്ടു തൊട്ടില്ലെന്നാക്കി.
കാണാന്‍ കൊതിച്ചവരില്‍ നിന്നൊക്കെ അകറ്റി നിര്‍ത്തി.
കാണേണ്ടാത്തവരെ കാണിച്ചു.
കിട്ടണമെന്ന് വിചാരിച്ചതൊന്നും
നേടാന്‍ സമ്മതിക്കാതെ
വേണ്ടാത്തതൊക്കെ വെച്ചു നീട്ടി.
മടുത്ത് മടുത്ത് മടുത്തൊന്നു
ചത്തു കളയാന്‍ നോക്കിയപ്പോള്‍
അതും സമ്മതിക്കുന്നില്ല,
ഈ ഒടുക്കത്തെ റിമോട്ട്.
അതാ...ജീവന്‍ വെപ്പിക്കുന്നു,കഷ്ടം...
Sunday, February 24, 2008
Subscribe to:
Comments (Atom)